Kerala, News

പയ്യാവൂരില്‍ ഉരുള്‍പൊട്ടി;പുഴകള്‍ കരകവിഞ്ഞു; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

keralanews landslide in payyavur rivers overflowing low lying areas of the district inundated

കണ്ണൂര്‍: പയ്യാവൂര്‍ ചീത്ത പാറയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.ഇതേത്തുടര്‍ന്ന് ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി.ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ചെങ്ങളായി മേഖലയില്‍ വീടുകളും വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പല ഭാഗത്തും വെള്ളംകയറി.പറശ്ശിനിക്കടവ് അമ്പലത്തിന്റെ നടവരെ വെള്ളം കയറി. അമ്പലത്തിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കഴിഞ്ഞ വര്‍ഷം വന്‍ നഷ്ടം സംഭവിച്ചതിനാല്‍ ഇത്തവണ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഭൂരിഭാഗവും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായി.പേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി.ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി. ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിക്കും. പെരളശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി.

Previous ArticleNext Article