മലപ്പുറം:മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വൻ ഉരുൾപൊട്ടൽ.50ലേറെ പേര്‍ മണ്ണിനടിയിൽപെട്ടതായി സംശയം.അപകടം നടന്ന സ്ഥലത്ത് എഴുപതോളം വീടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കവളപ്പാറയിലെ ആദിവാസി കോളനിയിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത് എന്നാണ് സ്ഥലത്ത് നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്തേക്ക് എത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും എന്നും നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട വീടുകളിലെ ആരും ദുരിതാശ്വാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ എത്തിയിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.കവളപ്പാറയിലേക്കുളള റോഡുകളും പാലവുമടക്കം തകര്‍ന്നത് കൊണ്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് വിശദീകരണം.അതേസമയം ദുരന്തം വാര്‍ത്തയായതോടെ കവളപ്പാറയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മണ്ണിടിച്ചില്‍ ഉണ്ടായി രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദേശീയ ദുരന്തപ്രതിരോധ സേന എത്തുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘത്തോട് വേഗത്തില്‍ നിലമ്ബൂരിലേക്ക് എത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.