കോഴിക്കോട്: താമരശ്ശേരി കരിഞ്ചോല കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍ രണ്ടു കുടുംബങ്ങളിലെ 12 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പ്രദേശവാസികള്‍. ഇവരില്‍ രണ്ടു പേരെ 10.45 ഓടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. കരിഞ്ചോല അബ്ദുള്‍ സലിമിന്റെ നാലു വയസ്സുകാരനായ മകനേയും മറ്റൊരാളെയുമാണ് പുറത്തെടുത്തത്. അബ്ദുള്‍ സലിമിന്റെ മൂത്തമകള്‍ ദില്‍ന രാവിലെ മരിച്ചിരുന്നു. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹസ്സന്‍ എന്നയാളുടെ വീട്ടിലെ ഏഴു പേരെ കാണാനില്ല. ഇവര്‍ ബന്ധുക്കളാണ്. പുറത്തെടുത്തവരുടെ ആരോഗ്യനില വ്യക്തമല്ല. മണിക്കൂറുകള്‍ മണ്ണിനടിയില്‍ കിടന്ന ഇവരുടെ നില ആറെ ആശങ്കപ്പെടുത്തുന്നു. 10 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവരുടെ കാര്യത്തിലും ആശങ്ക തുടരുകയാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോലി. ചെങ്കുത്തായ പ്രദേശമാണ് കരിഞ്ചോല മേഖല. ഇവിടെയാണ് ഉള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്കു പോലും ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനും തടസ്സമാകുന്നുണ്ട്. വഴികളിലെല്ലാം മണ്ണുവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.