ധർമ്മപുരി: ട്രാക്കിലേക്ക് : മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പാളം തെറ്റിയ കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തീവണ്ടിയുടെ ഏഴ് കോച്ചുകൾ പാളം തെറ്റിയിരുന്നു. മലയാളികൾ ഉൾപ്പെടെ 2348 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 3.50 ഓടെയായിരുന്നു അപകടം.തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിനോട് ചേർന്ന മൺതിട്ട ഈർപ്പം തങ്ങിനിന്ന് ഇടിഞ്ഞ് വലിയ ഉരുളൻകല്ലുകൾ ഉൾപ്പെടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു. എസ് 6 മുതൽ എസ് 10 വരെയുളള സ്ലീപ്പർ കോച്ചുകളും ബി1, ബി 2 തേർഡ് എസി കോച്ചുകളുമാണ് അപകടത്തിൽ പെട്ടത്. ബംഗളൂരു ഡിആർഎം ശ്യാം സിംഗും ഡിവിഷണൽ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയിരുന്നു. 4.45 ഓടെ റെയിൽവേയുടെ മെഡിക്കൽ എക്യുപ്്‌മെന്റ് വാഹനവും സ്ഥലത്തെത്തി.അപകടത്തിൽപെടാത്ത ആറ് ബോഗികളും യാത്രക്കാരെയും ആദ്യം തൊപ്പുരുവിലേക്കും പിന്നീട് സേലത്തേക്കും ഇവർ മാറ്റി. തൊപ്പുരുവിൽ നിന്ന് യാത്രക്കാർക്ക് വേണ്ടി 15 ബസുകൾ ഏർപ്പാടാക്കി.ഹുബ്ബല്ലിയിലെ റെയിൽവേ ദുരന്ത നിവാരണ സെല്ലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.