Kerala, News

നാലിടത്ത് ഉരുൾപൊട്ടി;മലയോരം ഒറ്റപ്പെട്ടു

keralanews land slide in four places in kannur district

ഇരിട്ടി:ജില്ലയിലെ മലയോരപ്രദേശങ്ങളിൽ നാലിടങ്ങളിലായി വീണ്ടും ഉരുൾപൊട്ടി. അമ്പായത്തോട്,പാൽചുരം,കൊട്ടിയൂർ,കേളകം എന്നീ മേഖലകളിലാണ് വ്യാഴാഴ്ച പുലർച്ചെയും പകലുമായി ഉരുൾപൊട്ടിയത്.മണ്ണിടിഞ്ഞും പുഴ കരകവിഞ്ഞൊഴുകിയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു.പാലങ്ങളും റോഡുകളും തകർന്നു.രാവിലെ പത്തരയോടെയാണ് അമ്പായത്തോടിൽ ഉരുൾപൊട്ടിയത്.ഉൾവനത്തിൽ വലിയ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണും മരങ്ങളും കുത്തിയൊലിച്ചെത്തി ബാവലിപ്പുഴയിൽ അടിഞ്ഞു.ഇവ പുഴയിൽ തടഞ്ഞു നിന്നതോടെ പുഴ അൻപതിലേറെ ഉയരമുള്ള മറുകരയിലേക്ക് കയറി. തുടർന്ന് പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയ മരങ്ങൾ തട്ടി കൊട്ടിയൂർ അമ്പലത്തിലേക്കുള്ള പാലവും പാമ്പരപ്പാൻ  പാലവും തകർന്നു.നെല്ലിയോടിയിൽ  ഉരുൾപൊട്ടലിൽ തകർന്ന കലുങ്കിന്റെ സ്ഥാനത്ത് പുനർനിർമിച്ച താത്കാലിക പാലം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അടയ്‌ക്കാത്തോട്ടിൽ വർഷങ്ങളായി ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു.ഇവിടങ്ങളിൽ ആളുകളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു, ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ പതിനാലു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനം വയൽ കോളനിയിലെയും കുടുംബങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.ജില്ലയിലാകെ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇതിലേറെയും ഇരിട്ടി താലൂക്കിലാണ്.1190 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

Previous ArticleNext Article