ഇരിട്ടി:കനത്ത മഴയെ തുടർന്ന് ഇരിട്ടി മേഖലയില്‍ ചൊവ്വാഴ്ച്ച നാലിടത്ത് ഉരുള്‍പൊട്ടി. ആറളം,അയ്യംകുന്ന് പഞ്ചായത്തുകളിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ഉരുള്‍ പൊട്ടിയത്. അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 170 പേരെ മാറ്റി പാര്‍പ്പിച്ചു. ആറ് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആറളം ഫാം, മണിക്കടവ്, വട്ടിയാംതോട്, മണിപ്പാറ, പരിക്കളം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഉളിയില്‍ തോട് കരകവിഞ്ഞ് ഉളിയില്‍ ഗവ യുപി സ്കൂളില്‍ വെള്ളം കയറി. അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ, പാറയ്ക്കാമല, കളിതട്ടുംപാറ എന്നിവിടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. പാറയ്ക്കാമലയില്‍ ഒരാഴ്ചക്കിടെ ഇത് മൂന്നാംവട്ടമാണ് ഉരുള്‍പൊട്ടല്‍. സന്ധ്യക്ക് ഏഴോടെ ക്രഷര്‍ പരിസരത്താണ് ഉരുള്‍പൊട്ടിയത്.മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പുഴകള്‍ കരകവിഞ്ഞു. ആറളം വനത്തില്‍ ഉരുള്‍പൊട്ടി ബാവലിപുഴ കരകവിഞ്ഞു. ആറളം ഫാം ഒറ്റപ്പെട്ടു. ഫാമിലെ ഒന്ന്, രണ്ട്, ബ്ലോക്കുകളില്‍ കുടുങ്ങിയ 30 തൊഴിലാളികളെ സാഹസികമായി പുറത്തെത്തിച്ചു. മലയോര ഹൈവേ അടച്ചു.ഇരിട്ടി നഗരസഭയില്‍ എടക്കാനം റോഡില്‍ വള്ളിയാട് അകം തുരുത്തിക്ക് മുന്നില്‍ ഉരുള്‍പൊട്ടി.തുടർന്നുണ്ടായ മണ്ണിടിച്ചലില്‍ മടത്തിനകത്ത് ബേബിയുടെ ഇരുനില കോണ്‍ക്രിറ്റ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീടിന്റെ ഒന്നാം നില ഭൂമിയിലേക്ക അമര്‍ന്ന് പോയപ്പോള്‍ രണ്ടാം നില നിലംപൊത്തി. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി വീണ്ടുകീറി നില്ക്കുന്നതിനാല് 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.വട്യം തോട്, പൊയൂര്‍ക്കരി, മാട്ടറ,വയത്തൂര് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഉളിക്കല്‍ പുറവയലില്‍ മൂസാന്‍ പീടിക എന്ന സ്ഥലനാമത്തിന് നിദാനമായ മൂസയുടെ കട നിലംപൊത്തി.കര്‍ണാടകത്തില്‍ കേരളാതിര്ത്തി ജില്ലയായ കുടക് പ്രളയ പേമാരിയില്‍ ഒറ്റപ്പെട്ടു.