കണ്ണൂർ:കനത്ത മഴയിൽ കണ്ണൂരിൽ അഞ്ചിടത്ത് ഉരുൾപൊട്ടി.വഞ്ചിയം മൂന്നാം പാലം, കാഞ്ഞിരക്കൊല്ലി,ആറളം,പേരട്ട,മുടിക്കയം,മാട്ടറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടൽ ഉണ്ടായത്.വഞ്ചിയം ആടാംപാറ റോഡ് തകര്‍ന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞു. ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി.ഉളിക്കല്‍ അറബിക്കുളത്ത് ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിഭൂമി നെടുകെ പിളര്‍ന്നാണ് ഉരുള്‍പൊട്ടി വലിയ ഒഴുക്ക് രൂപപ്പെട്ടത്. കനത്ത നിലയില്‍ രൂപപ്പെട്ട തോട് പറമ്പുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ്.മാട്ടറ,വട്യാംതോട്,മണിക്കടവ് പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. വയത്തൂര് പാലവും വെള്ളത്തിനടിയിലായി. സമീപപ്രദേശങ്ങളിലെ നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം കടപുഴകി വീണ് അന്തര്‍സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.