തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും.ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വ്യക്തികളുടെ അധിക ഭൂമി കണ്ടെത്താനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുന്നതാണ് പദ്ധതി.ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര്‍ നല്‍കാനുള്ള പദ്ധതി.