ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. അതേസമയം, കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.അസുഖബാധിതനായ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയവെയാണ് അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.