ഇരിട്ടി: കോഴിവളമെന്ന വ്യാജേന കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിത്തടികള്‍ പിടികൂടി.കര്‍ണാടകത്തിന്റെ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ റേഞ്ചര്‍ സുഹാനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് മരത്തടികള്‍ പിടികൂടിയത്.മരം കടത്താനുപയോഗിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ മാനന്തവാടി സ്വദേശി ഷിബിന്‍ ( 21 ) നെ അറസ്റ്റ് ചെയ്തു.ഇയാളെ മടിക്കേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിടിച്ചെടുത്ത മരത്തിന് വിപണിയില്‍ രണ്ടു ലക്ഷം രൂപയോളം വിലവരും. കോഴിവളം എന്ന വ്യാജേന കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എത്തിയ പിക്കപ്പ് വാന്‍ സംശയത്തിന്റെ പേരില്‍ വനം വകുപ്പധികൃതര്‍ പരിശോധിക്കുകയായിരുന്നു. വനപാലകര്‍ കമ്പി കൊണ്ട് കുത്തി നോക്കിയപ്പോള്‍ മരത്തടിയാണെന്നു മനസ്സിലായി.മുന്‍പും മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കുടകില്‍ നിന്നും കള്ളക്കടത്തായി കൊണ്ടിവരുന്ന മരത്തടികള്‍ പിടികൂടിയിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശന്‍, ഹമീദ് എന്നിവരും മരം കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നു.