തിരുവനന്തപുരം:സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം.ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മരത്തിന് മുകളില്‍ കയറി നിന്നാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയത്. പത്തോളം വരുന്ന സമരപന്തലുകളാണ് പൊളിച്ചു നീക്കിയത്.മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പെടെ സെക്രെട്ടെറിയേറ്റിന് മുൻപിലുള്ള എല്ലാ പന്തലും പൊളിച്ചുനീക്കി.സമരപന്തലിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. അതേസമയം തന്റെ സഹോദരന്റെ മരണത്തിന് കരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സെക്രെട്ടെറിയറ്റിനു മുൻപിൽ സമരം നടത്തുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്.