Kerala, News

കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

keralanews lady arrested in investment fraud case

തളിപ്പറമ്പ്:തളിപ്പറമ്പിലെ സിഗ് ടെക് മാർക്കറ്റിങ് എന്ന സ്ഥാപനം വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിലായി.കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപം കുളങ്ങര ഹൗസിൽ സന്ധ്യ രാജീവ് ആണ് പിടിയിലായത്.നിലവില്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ 5 കേസുകളില്‍ പ്രതിയാണ് സന്ധ്യ. തലശ്ശേരി മട്ടന്നൂര്‍, പരിയാരം ,കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലും കോട്ടയത്തും ഇവര്‍ക്കെതിരെ കേസുണ്ട്.കമ്പനിയുടെ ഉടമകളില്‍ ഒരാളായ രാജീവിന്റെ ഭാര്യയാണ് സന്ധ്യ.രാജീവും നിക്ഷേപ തട്ടിപ്പുകേസിലെ പ്രതിയാണ്. ഇയാളും അടുത്ത ദിവസം പിടിയിലാകുമെന്നാണ് സൂചന. രാജീവിന്റെ സഹോദരന്‍ പരേതനായ രാജേഷിന്റെ ഭാര്യ ബൃന്ദയെയും പിടികൂടാനുണ്ട്.കമ്പനിയുടെ മേധാവിയായിരുന്ന രാജേഷിന്റെ മരണത്തിനു ശേഷമാണ് രാജീവ് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത്.2015ല്‍ കോട്ടയത്ത് സമാനമായ ഇരുപതോളം തട്ടിപ്പു കേസുകളില്‍ രാജീവ് ജയിലില്‍ കിടക്കുകയും കമ്പനിയുടെ ആസ്തികള്‍ കോടതി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സിഗ്ടെക്കിന്റെ  ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റിയത്.ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി 100കോടിയോളം രൂപയാണ് സിഗ്‌ടെക് മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ തട്ടിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ സ്ക്വാർഡംഗങ്ങളായ എസ്.ഐ പുരുഷോത്തമന്‍, എ.എസ്.ഐ മൊയ്തീന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ റൗഫ്, വനിത പോലീസ്‌ ഓഫീസര്‍ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് സന്ധ്യയെ പിടികൂടിയത്.മെയ് രണ്ടിന് ഉടമകളിലൊരാളായ പാലക്കാട് ആലത്തൂര്‍ സ്വദേശിയും തളിപ്പറമ്പ് പുഴക്കുളങ്ങരയില്‍ താമസക്കാരനുമായ സുരേഷ് ബാബു ,ഡയറകടര്‍ കാസര്‍കോട് സ്വദേശി കുഞ്ഞിചന്തു എന്നിവരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നിക്ഷേപിച്ച തുക അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിപ്പിച്ച്‌ നല്‍കുമെന്നായിരുന്നു കമ്പനി ഇടപാടുകാർക്ക് വാഗ്ദാനം നൽകിയിരുന്നത്.അല്ലെങ്കില്‍ 13.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നൽകും.ഈ മോഹന വാഗ്ദ്ധാനങ്ങളില്‍ വീണ ആളുകൾ പലരും ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപം പോലും പിന്‍വലിച്ച്‌ സിഗ്ടെക്കിൽ നിക്ഷേപിച്ചു.ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ആദ്യകാലങ്ങളിൽ കൃത്യമായി പലിശ നൽകി.പിന്നീട് നിക്ഷേപകരെ വലിയ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇടനിലക്കാരാക്കി. ഇടനിലക്കാര്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച്‌ കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിച്ചു പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉണ്ട്.മാസങ്ങള്‍ക്ക് മുൻപ് ശബളവും കമ്മിഷനും ലഭിക്കാത്ത അൻപതോളം ഏജന്റുമാർ  കോട്ടയത്ത് നിന്നും എത്തി തളിപ്പറമ്പിലെ കമ്പനി ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

Previous ArticleNext Article