തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതിനാല്‍ റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍,ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, എറണാകുളം-കായംകുളം (കോട്ടയം വഴി), കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചറും കോഴിക്കോട്- തൃശൂര്‍ പാസഞ്ചറും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മാസങ്ങളായി പാളങ്ങളുടെ അറ്റകുറ്റപണികൾക്കു വേണ്ടി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു.എന്നാൽ അപ്പോഴൊന്നും ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചിരുന്നില്ല.എന്നാൽ അറ്റകുറ്റപ്പണി നടക്കാത്ത മേഖലയിലെ തീവണ്ടികളും റദ്ദാക്കേണ്ടി വന്നതോടെയാണ് ജീവനക്കാർ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചത്.തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോപൈലറ്റുമാരുടെ തസ്തികയാണുള്ളത്.എന്നാൽ ഇതിൽ 420 പേർ മാത്രമാണുള്ളത്. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ഇരുപതോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.ആൾക്ഷാമത്തിനിടെ പ്രളയത്തെ തുടർന്ന് ജീവനക്കാർ അവധിയിൽ പോവുകയും ചെയ്തത് ട്രെയിനുകൾ റദ്ദാക്കാൻ അധികൃതരെ നിർബന്ധിതരാക്കുകയായിരുന്നു.
Kerala, News
ലോക്കോപൈലറ്റുമാരില്ല;പത്തു ട്രെയിനുകൾ ഇന്ന് റദ്ദാക്കും
Previous Articleആറളം വന്യജീവി സങ്കേതത്തിൽ ഉരുൾപൊട്ടൽ