തലശ്ശേരി : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗര പരിധിയിലും പരിസരങ്ങളിലുമുള്ള തട്ട് കടകളുടെ ശുചിത്വ പരിശോധന കർശനമാക്കിയെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതിനാൽ പരിശോധന അട്ടിമറിക്കപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥർക്കാണ് പരിശോധന ചുമതല. ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ഇത്തരം പരിശോധനകൾക്കായി ഗവർമെന്റ് ചുമതല ഏൽപ്പിച്ചിട്ടുള്ളത് . തലശ്ശേരി നഗരസഭയിൽ പഴയ ബസ് സ്റ്റാൻഡ് , പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ പത്തോളം വലിയ തട്ട് കടകളാണ് പ്രവർത്തിക്കുന്നത്. മുന്ന് വര്ഷം മുൻപ് നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാത്തതിനാൽ തട്ടുകടകൾ വൃത്തിഹീനമായി തന്നെ തുടരുകയാണ്.
തട്ട് കടകൾ നടത്തുന്നവർക്ക് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ഫിട്നെസ്സ് സർട്ടിഫിക്കറ്റ് , ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയുള്ള സർട്ടിഫിക്കറ്റ് , ഒരു ദിവസത്തിൽ കൂടുതൽ പാചക എന്ന ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധന റിപ്പോർട്ട് എന്നിവ നിർബന്ധമാണ്. തട്ടുകട പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ വൃത്തിയും പരിശോധിക്കണം.
അതേസമയം തട്ടുകടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്താറുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അംഗ പരിമിതിയും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും കാരണം പലപ്പോഴും പരിശോധനയ്‌ക്കെത്താനാവുന്നില്ല. ഈ പരിമിതി നാട്ടുകാർ മുതലെടുക്കുന്നതായി പരാതിയും ഉണ്ട്..