രാജമല:ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ പെട്ടിമുടിയോട് വിടപറയുന്നു.ഇനി പുതിയ റോളില്‍ കുവി ഇടുക്കി ഡോഗ് സ്ക്വാഡിനൊപ്പം ഉണ്ടാകും.ഇന്നലെ വൈകിട്ടാണ് കുവിയെ പൊലീസ് പെട്ടിമുടിയില്‍ നിന്ന് കൂട്ടികൊണ്ട് പോയത്.കഴുത്തില്‍ പുതിയ ടാഗ് അണിയിച്ച് പെട്ടിമുടിക്കാര്‍ തന്നെ കുവിയെ യാത്രയാക്കി.ദുരന്തഭൂമിയില്‍ അവശനായി അലഞ്ഞ് നടന്ന കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകന്‍ അജിത് മാധവ് നേരത്തെ അനുമതി തേടിയിരുന്നു, കുവിയെ വീട്ടിലെത്തിച്ച് പരിപാലിക്കാനായിരുന്നു അജിത് ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ കുവിയെ ജില്ലാ ഡോഗ് സ്ക്വാഡിനൊപ്പം വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ഡോഗ് സ്ക്വാഡിലെ നായകള്‍ക്കൊപ്പം കുവിക്കും ഇനി പ്രത്യേക പരിചരണം ലഭിക്കും.ദുരന്ത ഭൂമിയിലെ എട്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുവി തന്‍റെ കളിക്കൂട്ടുകാരിയായ ധനുഷ്കയെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്താതിരുന്നിടത്തേക്ക് കുവി അവരെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ദുരന്തത്തില്‍ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു.