Kerala, News

കുണ്ടറ പീഡന വിവാദം;കൂടുതൽ നടപടികളുമായി എൻസിപി; പരാതി നല്‍കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേര്‍ക്ക് കൂടി സസ്പെന്‍ഷന്‍

keralanews kundara phone call row ncp suspends 3 more persons including the father of the complainant

തിരുവനന്തപുരം:കുണ്ടറ പീഡന വിവാദത്തിൽ കൂടുതൽ നടപടികളുമായി എൻസിപി. പരാതി നല്‍കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേരെ കൂടി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി.എന്‍സിപി കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്‌ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, എന്‍സിപി മഹിളാ വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. യുവതി നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ട പത്മാകരന്‍, രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ എന്‍സിപി താക്കീത് ചെയ്തു. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എന്‍സിപി മന്ത്രി ശശീന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസ് സ്റ്റേഷനില്‍ യുവതി കൊടുത്ത പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് ഹണിക്കെതിരെ നടപടിയെന്ന് പിസി ചാക്കോ പറഞ്ഞു. പ്രദീപ് കുമാറാണ് മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ ചെയ്യിച്ചത്. ബെനഡിക്‌ട് ആണ് ഫോണ്‍ റെക്കോഡ് ചെയ്ത് മാധ്യമങ്ങളില്‍ നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകളും ബെനഡിക്ടിന്റെ പേരിലുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു.മന്ത്രിയുടെ ഫോണ്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് തെറ്റാണെന്ന് പി സി ചാക്കോ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന്‍ ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു.ഇതു കൂടാതെ, പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ അച്ചടക്കലംഘനങ്ങളുടെ പേരില്‍ രണ്ടു നേതാക്കള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍ പുരയ്ക്കല്‍, സലിം കാലിക്കറ്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി പി സി ചാക്കോ അറിയിച്ചു.

Previous ArticleNext Article