തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കും.ഇതിനായി മിസോറാം ഗവർണ്ണർ സ്ഥാനം കുമ്മനം രാജിവെച്ചിരുന്നു.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസ്സിന്റെ ശശി തരൂർ,സിപിഐയിലെ സി.ദിവാകരൻ എന്നിവരാകും തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിന്റെ എതിർ സ്ഥാനാർത്ഥികൾ.കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്നും ജയസാധ്യത മുൻനിർത്തി തിരുവനന്തപുരത്ത് മത്സരിക്കണമെന്നും സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം കേന്ദ്ര ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നതിനായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ,നടൻമാരായ മോഹൻലാൽ,സുരേഷ്ഗോപി, എന്നിവരെ ബിജെപി പരിഗണിച്ചെങ്കിലും കുമ്മനമായിരുന്നു ആർഎസ്എസിന്റെ പ്രഥമ പരിഗണനയിൽ.കുമ്മനം തിരിച്ചുവരണമെന്ന് പാർട്ടിയിലെ എല്ലാവരും ആഗ്രഹിച്ചിരുന്നതായും ഗവർണ്ണർ പദവിയിലായിരുന്നതിനാൽ പുറത്തുപറയാതിരുന്നതാണെന്നും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.