India, News

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

keralanews kummanam rajasekharan take oath as mizoram governor

ഐസ്വാള്‍: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.മിസോറം സംസ്ഥാനത്തിന്റെ പതിനെട്ടാമത് ഗവര്‍ണറായാണ് കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്.വക്കം പുരുഷോത്തമന് ശേഷം മിസോറമില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് അദ്ദേഹം.നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്.ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കാനായിരുന്നു നിര്‍ദേശം.സര്‍ക്കാര്‍ ജോലി രാജിവെച്ച്‌ ആര്‍എസ്‌എസ് പ്രചാരക സ്ഥാനത്ത് എത്തിയ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയര്‍മാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

Previous ArticleNext Article