Kerala, News

18 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു

keralanews ksu formed unit in university college after 18years

തിരുവനന്തപുരം:18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു.യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്‌എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. യൂണിയന്‍ രൂപീകരിച്ച ശേഷം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജ് ക്യാമ്പസ്സിനുള്ളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാര്‍ഡുകള്‍ കാണിച്ച ശേഷമാണ് ഇവര്‍ ക്യാമ്പസിൽ പ്രവേശിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.

Previous ArticleNext Article