Kerala

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു; പിന്മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. പൂക്കോട് വെറ്ററിനറി സ‍ർവകലാശാല ക്യാംപസിലെ വിദ്യാ‍ർഥിയായ ജെഎസ് സിദ്ധാർഥൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സ‍ർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് അതിക്രമമുണ്ടായതിനെ തുടർന്നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന ഇടിമുറികൾ പൊളിക്കണമെന്നും ആൾക്കൂട്ട വിചാരണ ഒഴിവാക്കണമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യ‍ർ പറഞ്ഞു.സിദ്ധാ‍ർഥൻ്റെ മരണം സംഭവിക്കുമ്പോൾ മാത്രമാണ് കേരളത്തിലെ സർക്കാർ ഹോസ്റ്റലിൽ ഇത്ര ഭയാനകമായ സാഹചര്യമാണ് നടക്കുന്നതെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുന്നത്. കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സ‌‍ർക്കാർ ഹോസ്റ്റലുകളിലും ഇത്തരത്തിലുള്ള വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് കെഎസ്‍യു നിരന്തരം ആരോപിക്കുന്നുണ്ടെന്നും അലോഷ്യസ് സേവ്യ‍ർ പറഞ്ഞു.അതേസമയം പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കെഎസ്‌യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Previous ArticleNext Article