തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. അതേസമയം പണിമുടക്കിന‌് നോട്ടീസ‌് നല്‍കിയ ട്രേഡ‌് യൂണിയന്‍ പ്രതിനിധികളുമായി ബുധനാഴ‌്ച രാവിലെ പത്തിന‌് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച നടക്കും.പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഡിസംബറില്‍ ഒരു ഗഡു കുടിശിക ക്ഷാമബത്ത നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകളുടെ പ്രധാന പരാതി. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും, അതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നില്ലെന്ന് നേതാക്കള്‍ പറയുന്നു.ശമ്പള പരിഷ്‌കരണത്തിലും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറില്‍ ഗതാഗതമന്ത്രിയും തൊഴില്‍മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.