തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഭരണ – പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം.ഇന്നലെ അർധരാത്രി മുതലാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള പണിമുടക്ക് തുടങ്ങിയത്.ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പണിമുടക്കിയതോടെ യാത്രക്കാർ വലഞ്ഞു. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.എ.ഐ.ടി.യു.സിയും പണിമുടക്ക് 48 മണിക്കൂറാക്കിയിട്ടുണ്ട്. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.