തിരുവനന്തപുരം:തലസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ നടപടിയുമായി സര്‍ക്കാര്‍.പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ഇതിന് പിന്നാലെ കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്തെത്തി.പണിമുടക്കിന്‍റെ പേരിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.പണിമുടക്കിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിക്കാനിടയായ സാഹചര്യവും തലസ്ഥാന നഗരം ഒരു പകൽ സ്തംഭിപ്പിച്ച രീതിയും ഇനിയുണ്ടാകാൻ പാടില്ലെന്ന ശക്തമായ വികാരത്തിന്‍റെ പുറത്താണ് കെഎസ്ആർടിസി തൊഴിലാളികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് സർക്കാർ നീങ്ങുന്നത്.ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയും ചെയ്തു.വിഷയം ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്.അതിനിടെ സർക്കാർ നടപടിയെടുത്താൽ പണിമുടക്കിലേക്ക് പോകുമെന്ന് ഭരണപക്ഷ അനുകൂല തൊഴിലാളി യൂണിയനുകൾ ഉൾപ്പടെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിരക്ക് വർധന ആവശ്യപ്പെട്ട് ബുധനാഴ്ച മുതൽ സ്വകാര്യ ബസുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.