Kerala, News

കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞാറാഴ്ച മുതല്‍

keralanews ksrtc service from kerala to bengaluru from sunday

തിരുവനന്തപുരം:കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ ഞായര്‍ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും.അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വ്വീസുകള്‍ വേണ്ടി വന്നാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. ഈ സര്‍വ്വീസുകള്‍ക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

Previous ArticleNext Article