ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്-കെ എസ് ആർ ടി സി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.സ്വകാര്യ ബസ് സ്ഥിരമായി സമയം തെറ്റിച്ചു ഓടുന്നത് ചോദ്യം ചെയ്ത് സ്വകാര്യബസിനു കുറുകെ കെ എസ് ആർ ടി സി ബസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.കഴിഞ്ഞ രാത്രി എട്ടേകാലോടെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.അനുവദിച്ച സമയത്തിൽ നിന്നും കാൽമണിക്കൂറിലധികം വൈകി പുറപ്പെടാനൊരുങ്ങിയ സ്വകാര്യ ബസിനെ കെ എസ് ആർ ടി സി ജീവനക്കാർ ബസ് കുറുകെയിട്ട് തടയുകയായിരുന്നു.നാട്ടുകാർ കെ എസ് ആർ ടി സി ബസിന് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് പോലീസെത്തി യാത്രാതടസം സൃഷ്ട്ടിച്ചതിന് കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.ഈ നടപടിക്കെതിരെ കടുത്ത ആക്ഷേപമുയർന്നു.ഇരു ബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നതിനാൽ പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു ബസുകളെ വിട്ടയക്കുകയായിരുന്നു.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസ് പുറപ്പെടേണ്ട സമയം 7.55-8 മണി ആണ്.എന്നാൽ ഇവർ സ്ഥിരമായി 8.20 നാണ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നത്.വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് 8.20 ന് സ്റ്റാൻഡിലെത്തി ഇരുപതു മിനിറ്റ് കഴിഞ്ഞാണ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്.കെഎസ്ആർടിസി ബസ് ഇരിട്ടിയിൽ എത്തിയ ഉടൻ സ്വകാര്യ ബസ് സ്റ്റാൻഡ് വിട്ടിരിക്കും. ഇതേത്തുടർന്നു കെഎസ്ആർടിസി ബസിനു യാത്രക്കാർ കുറഞ്ഞിരുന്നു. ഇതു സ്ഥിരമായതോടെ കെഎസ്ആർടിസിക്കാർ പരാതിയുമായി പൊലീസിലും എത്തി. തെളിവു വേണമെന്നാണ് പൊലീസിൽ നിന്നു ചിലർ അറിയിച്ചതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്.ഇതുപ്രകാരമാണ് സ്വകാര്യബസിനു കുറുകെയിട്ടു തങ്ങൾ തടഞ്ഞതെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.
….