Kerala, News

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്;സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

keralanews ksrtc flash strike report that police not failed to handle the strike

തിരുവനന്തപുരം:കെഎസ്ആർടിസി മിന്നൽ പണിമുടക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.പണിമുടക്കില്‍ പൊലീസ് ഇടപെടാന്‍ മടിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം വന്നിരിക്കുന്നത്.സമരത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ഗതാഗതം തടസ്സപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതുകൊണ്ടാണ് ബലംപ്രയോഗിക്കേണ്ടി വന്നത്. എന്നാല്‍ കൈയേറ്റശ്രമം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.സമരത്തിനിടയില്‍ യാത്രക്കാരന്‍ തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ മരിച്ച സംഭവത്തിലും പൊലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് വിളിക്കുന്നതിലോ എത്തിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ സമരത്തെ തുടര്‍ന്ന് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടതായി വന്നു. അതിനാലുണ്ടായ സമയനഷ്ടം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് നല്‍കിയ വിശദീകരണത്തിനൊപ്പം മൊഴികളും മറ്റുകാര്യങ്ങളും പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കുക.

Previous ArticleNext Article