Kerala, News

കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്;അന്തിമ റിപ്പോര്‍ട്ട് നാളെ;ജീവനക്കാർക്ക് എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

keralanews ksrtc flash strike final report tomorrow esma should be applied on employees

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്‌ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. സമരത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗതസംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. കാരണക്കാരായവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണം. എസ്മ പ്രകാരം സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമാവും-കല്കട്ടറുടെ റിപ്പോർട്ടിൽ പറയുന്നു.അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കിഴക്കേക്കോട്ടയില്‍ തെളിവെടുപ്പ് നടത്തി. പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.സ്വകാര്യ ബസ് തൊഴിലാളികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൈയേറ്റം ചെയ്തതോടെയാണ് കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. സമരത്തിനിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി.

Previous ArticleNext Article