Kerala, News

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ന്യായീകരിക്കാനാവില്ല;കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

keralanews ksrtc flash strike cannot be justified stern action will be taken said minister kadakampalli surendran

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മിന്നൽ പണിമുടക്കിനെതിരെ  വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരക്കാര്‍ കാട്ടിയത് അങ്ങേയറ്റം മര്യാദകേടാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സമരത്തെ തുടര്‍ന്ന് മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ സാധിച്ചില്ല. സമരക്കാര്‍ അതിന്റെ കീയും മറ്റും എടുത്തുകൊണ്ട് പോയിരിക്കുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. ഈ അന്യായം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമരത്തിനിടെ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തിന്റെ അവസ്ഥയും മന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചു. ആകെയുള്ളത് പൈതൃകസ്വത്തായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയാണ്. അത് കൂടുംബത്തിന്റെ പൊതുസ്വത്താണ്. ഇത് പണയം വച്ചാണ് മകളുടെ വിവാഹം നടത്തിയത്.ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്. ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. പ്രതിമാസം 5000 രൂപയോളം സുരേന്ദ്രന്റെ മരുന്നിന് വേണ്ടി മാത്രം വേണ്ടിയിരുന്നു. മൂന്നുതവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായ വ്യക്തിയാണ് സുരേന്ദ്രനെന്നും മന്ത്രി പറഞ്ഞു. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ കഴിഞ്ഞദിവസത്തെ സംഭവം കൂടിയായപ്പോള്‍ ഉണ്ടായ മാനസികാഘാതമുണ്ട്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുള്ള നോട്ടീസും വന്നിരുന്നു. ഇതെല്ലാം കൂടിയുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് കാരണമെന്ന് വേണം കരുതാനെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗതാഗതമന്ത്രിയുമായും, മുഖ്യമന്ത്രിയുമായും ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Previous ArticleNext Article