Kerala, News

കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു

keralanews ksrtc first electric bus bring to trivandrum

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് ബസ് എത്തിച്ചത്.പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ഡ്രൈവര്‍ എത്തിയാല്‍ മാത്രമേ ഇത് ട്രൈയിലറില്‍ നിന്ന് പുറത്തിറക്കൂ. അതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. ഡ്രൈവര്‍ ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 18 മുതലാകും ബസിന്റെ ഓട്ടം തുടങ്ങുക. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വിജയിച്ചാല്‍ കേരളമാകെ ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കും. പെട്രോൾ-ഡീസൽ വിലവർദ്ധനവ് ദിനംപ്രതി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനാണ കെഎസ്‌ആര്‍ടിസി പദ്ധതി. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം വെറ്റ് ലീസ് മാതൃകയില്‍ വാടകയ്ക്കെടുക്കും. ഇതിന്റെ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.ഈ മാസം 18 മുതൽ തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന ബസ് പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്തും.ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ഇലക്ട്രിക്ക് ബസ്സുകളുടെ പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്‌ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്‌ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും.കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്ബനി വഹിക്കും.നേരത്തെ ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി ആലോചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്ബത്തികബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇബസുകളുടെ വില.തുടര്‍ന്നാണ് കര്‍ണാടക മാതൃകയില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം.കിലോമീറ്ററിന് 43.8 രൂപയാണ് വാടക. 100 ബസുകള്‍ 12 വര്‍ഷത്തേയ്ക്കു സര്‍വീസ് നടത്താനാണു കരാര്‍. വൈദ്യുതിയുടേയും കണ്ടക്ടറുടേയും ചെലവുകൂടി കണക്കാക്കിയാലും കരാര്‍ ലാഭകരമാണെന്നാണ് വിലയിരുത്തല്‍. ഇബസിനു നല്‍കുന്ന വൈദ്യുതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഒരു ചാര്‍ജിങ്ങില്‍ 150 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ സിറ്റി സര്‍വീസിനാകും ഇവ ഉപയോഗിക്കുക. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ സ്ഥലത്ത് കരാര്‍ കമ്പനി തന്നെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും. ആറുമാസത്തിനുള്ളില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇലക്‌ട്രിക് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ആര്‍ടിസി.

Previous ArticleNext Article