കൊച്ചി: സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സി.എം.ഡിയ്‌ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസി 10 ദിവസം കൂടി അധിക സമയം ചോദിച്ചിരുന്നെങ്കിലും ഇതുവരെ ശമ്പളം നൽകാനായിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു.