Kerala, News

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി

keralanews ksrtc buses start service in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി നിരത്തിലിറങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാല്‍ മിനിമം ചാര്‍ജ് ഉയര്‍ത്തിയിട്ടുണ്ട്. 12 രൂപയാണ് ഇപ്പോഴത്തെ മിനിമം ചാര്‍ജ്. കെഎസ്‌ആര്‍ടിസി ബസ്സുകളിലെ യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകും.യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും.നിലവിലുള്ള റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും.പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും.മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസ് യാത്ര അനുവദിക്കുക. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേരെയും അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.സുരക്ഷിത അകലം പാലിച്ചായിരിക്കും യാത്ര.ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കൂ.സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം – ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.അതേസമയം 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി.ഡീസലിന്‍റെ നികുതിയും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു.

Previous ArticleNext Article