തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നവജാതശിശുവിന് പിന്നാലെ അമ്മയും മരിച്ചു.മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അനുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ സുനിൽ (40) എന്നിവർ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു.കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ഫാസറ്റ് പാസഞ്ചർ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടം.അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്.അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. ഡ്രൈവർ വി. അജിത്തിന്റെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
Kerala
പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടം;നവജാതശിശുവിന് പിന്നാലെ അമ്മയും യാത്രയായി
Previous Articleഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.7 ശതമാനം വിജയം