തിരുവനന്തപുരം:കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയതായി കെ-ഹാക്കേഴ്സ് എന്ന ഹാക്കർമാരുടെ സംഘം. വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഹാക്കിങ്ങെന്ന് കെ-ഹാക്കേഴ്സ് ഫേസ്ബുക് പേജിലൂടെ അവകാശപ്പെട്ടു.അഞ്ചുകോടി രൂപ വിലവരുന്ന വിവരങ്ങളാണ് ചോർത്തിയതെന്നും മൂന്നു മാസത്തിനുള്ളിൽ സോഫ്റ്റ്വെയർ ആർകിടെക്ച്ചർ പുനർരൂപകല്പന ചെയ്തില്ലെങ്കിൽ വിവര നഷ്ട്ടമുണ്ടാകുമെന്നും ഹാക്കേഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു സൗജന്യ ആപ്പ്ളിക്കേഷനും ഹാക്കർമാർ ഇതിനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്.അത് ഉപയോഗിച്ചുകൊള്ളാനാണ് നിർദേശം.ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നുവെന്നാണ് കെ-ഹാക്കേഴ്സ് അവകാശപ്പെടുന്നത്.ചോർത്തിയ വിവരങ്ങൾ വീഡിയോ രൂപത്തിൽ ഫേസ്ബുക് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതോടൊപ്പം 1249 പേരുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.മൂന്നുമണിക്കൂർ കൊണ്ടാണ് ഇത്രയും വിവരങ്ങൾ ചോർത്തിയതെന്നും സംഘം അവകാശപ്പെട്ടു.
അതേസമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും കെഎസ്ഇബി ചെയ്യുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന്റെ പേര്,വിലാസം,വൈദ്യുതി ഉപഭോഗം,ബിൽ തുക,കണക്ട് ലോഡ് തുടങ്ങിയ വിവരങ്ങൾ കൺസ്യൂമർ നമ്പർ നൽകി കയറുന്ന ആൾക്ക് ലഭിക്കും. നിക്ഷേപത്തിന് അയ്യായിരം രൂപയിൽ അധികം പലിശയുള്ള ഉപഭോക്താക്കളുടെ പാൻ നമ്പറും ഇതോടൊപ്പം ഉണ്ടാകും. ബിൽതുകയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ, വൈദ്യുതി ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധമേഖലയിൽ ഈ ഡാറ്റകൾ ഉപയോഗിക്കാൻ സാധിക്കും.സെക്ഷൻ ഓഫീസിന്റെ പേരും കൺസ്യുമർ നമ്പറും നൽകിയാൽ ഉപഭോക്താവിന്റെ മുൻകാല ബില്ലുകൾ കാണാൻ സൗകര്യമുണ്ട്.ഈ സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് ഉണ്ടായതെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എസ്.എൻ പിള്ള പറഞ്ഞു.ഓൺലൈനായി ബില്ലടയ്ക്കാനുള്ള സൗകര്യം നിർത്തിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്താക്കൾക്ക് മുൻകാല ബില്ലുകൾ നോക്കാനുള്ള സൗകര്യം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.