Kerala, News

ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ കെഎസ്ഇബി

keralanews kseb to provide electricity at lower cost for battery charging stations for electric vehicles

തിരുവനന്തപുരം:സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി.ഇലക്ട്രിക്ക് വാഹങ്ങളെയും ചാർജിങ് സ്റ്റേഷനുകളെയും സംബന്ധിച്ച ശില്പശാലയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.പൊതു ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് ആദ്യവർഷങ്ങളിൽ ശരാശരിയിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.വരും വർഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊർജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും അന്തർസംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.ഏതാനും മാസങ്ങൾക്കുള്ളിൽ സ്വീകാര്യമായ വിധത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വ്യാപിപ്പിക്കുന്നതിന് ആദ്യഘട്ടത്തിൽ മുൻഗണന നൽകുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

വൈദ്യുതി വാഹന നയമനുസരിച്ച് സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബി യാണ്.2020 ഓടെ വൈദ്യുതിയിൽ ഓടുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അൻപതിനായിരം ഓട്ടോറിക്ഷകളും ആയിരം ചരക്കുവണ്ടികളും 3000 ബസ്സും 100 ബോട്ടും കേരളത്തിൽ എത്തിക്കാനും 2022 ആകുമ്പോഴേക്കും ഒരുദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.ബാറ്ററി ചാർജിങ് സ്റ്റേഷനും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്ര കമ്പനികൾ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ,വൈദ്യുത വാഹന ഡീലർമാർ,ആസൂത്രണ രംഗത്തെ വിദഗ്ദ്ധർ,ഗതാഗത വകുപ്പ്,ഊർജ വകുപ്പ്,കെഎസ്ആർടിസി,അനെർട്,കെൽ,കെൽട്രോൺ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.ഊർജ സെക്രെട്ടറി ഡോ.ബി.അശോക്,ഗതാഗത സെക്രെട്ടറി കെ.ആർ ജ്യോതിലാൽ,മുൻ ചീഫ് സെക്രെട്ടറി കെ.എം എബ്രഹാം,കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള തുടങ്ങിയവർ സംസാരിച്ചു.

Previous ArticleNext Article