ഇരിട്ടി:അയ്യങ്കുന്നിലെ സൂചിമുഖി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സാധ്യത തേടി കെഎസ്ഇബി.ഇതിനായി കെഎസ്ഇബിയുടെ ഉന്നതതല സംഘം വെള്ളച്ചാട്ട മേഖലയിൽ സാധ്യത പഠനം നടത്തി.വാളത്തോട്ടിലെ സൂചിമുഖി വെള്ളച്ചാട്ടം നിരവധി സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം നിരവധി പാറക്കെട്ടുകളിലൂടെ വൻ താഴ്ചയിലേക്കാണ് പതിക്കുന്നത്.ജൂൺ മുതൽ ഡിസംബർ വരെ ശക്തമായ നീരൊഴുക്കുള്ള ഇവിടെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെഎസ്ഇബി സംഘം പരിശോധന നടത്തിയത്. പ്രദേശത്തു നിന്നും മൂന്നു മെഗാവാട്ട് വരെയുള്ള വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് പ്രാരംഭ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.നീരൊഴുക്കിന്റെ തോതും മറ്റും മനസ്സിലാക്കുന്നതിന് വിശദമായ പരിശോധന പിന്നീട് നടക്കും.പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായിരിക്കും ഇത്. അയ്യങ്കുന്നിൽ നിന്നും തന്നെയുള്ള 18 മെഗാവാട്ടിന്റെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി,നിർമാണം പുരോഗമിക്കുന്ന ഒൻപതു മെഗാവാട്ടിന്റെ പഴശ്ശി സാഗർ പദ്ധതി എന്നിവയാണ് മറ്റു രണ്ടെണ്ണം.സൂചിമുഖിയിലെ ഉയർന്ന വെള്ളച്ചാട്ടം കൂടുതൽ ഭൂമി ഏറ്റെടുക്കാതെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന അഭിപ്രായമാണ് കെഎസ്ഇബിക്ക് ഉള്ളത്.കെഎസ്ഇബി എനർജി ഇൻവെസ്റ്റിഗേഷൻ അസി.എൻജിനീയർ എം.കെ അജിത്, എഞ്ചിനീയർമാരായ രാജൻ,രാമചന്ദ്രൻ എന്നിവരാണ് സാധ്യത പഠന സംഘത്തിൽ ഉണ്ടായിരുന്നത്.