കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.ജോസഫിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറഞ്ഞു.ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ട്.കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ പറഞ്ഞു.സംഭവദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടു വന്നു വച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തി.രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയില്‍ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജോസഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.