Kerala, News

കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു

keralanews kp sasikala again went to sannidhanam

പത്തനംതിട്ട:ശബരിമല ദർശനത്തിനായി കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശശികല എരുമേലിയില്‍ നിന്ന് പമ്ബയിലേക്ക് തിരിച്ചത്.പേരക്കുട്ടിയുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്.ഹിന്ദു ഐക്യവേദി പ്രസിഡന്റായിട്ടല്ല മറിച്ച്‌ പേരക്കുട്ടികളുടെ അച്ഛമ്മയായിട്ടാണ് ശബരിമലയിലേക്ക് പോകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ശബരിമല ദര്‍ശനത്തിനുശേഷം പറയുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.എന്നാല്‍ നിലയ്ക്കലില്‍ എത്തിയതോടെ ശശികലയും സംഘവും സഞ്ചരിച്ച ബസ് പോലീസ് തടഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ മലയിലേക്ക് പുറപ്പെടരുതെന്ന് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശശികലയെ അറിയിച്ചു. എന്നാല്‍ കൊച്ചുമക്കളേയും കൊണ്ടാണ് താന്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും അവരുടെ ചോറൂണ് നടത്തേണ്ടതുണ്ടെന്നും ശശികല പോലീസിനെ അറിയിച്ചു. നിലയ്ക്കലില്‍ നില്‍ക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് അവരെ തിരിച്ച് ഏല്‍പ്പിക്കണമെങ്കില്‍ തനിക്ക് മലയിറങ്ങണമല്ലോയെന്നായിരുന്നു ശശികല പോലീസിനോട് പറഞ്ഞത്.ഇതോടെ ആറ് മണിക്കൂര്‍ സമയം ശശികലയ്ക്ക് പോലീസ് നല്‍കി. ചോറൂണ് നടത്തി ദര്‍ശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് ശശികലയ്ക്ക് കൈമാറി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു നോട്ടീസിന്‍റെ ഉറപ്പ് നല്‍കി മല കയറണമോയെന്ന കാര്യം ശശികല ഹിന്ദു ഐക്യവേദി നേതാക്കളെ വിളിച്ച് ചോദിച്ചു.എന്നാല്‍ പോലീസിന് ഉറപ്പ് നല്‍കി സന്നിധാനത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ നോട്ടീസില്‍ ഒപ്പിട്ട് നല്‍കി ശശികല സന്നിധാനത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് മലകയറാനെത്തിയ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഹിന്ദു ഐക്യവേദി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ശന നിര്‍ദ്ദേശങ്ങളോട് പോലീസ് ശശികലയെ വിട്ടയക്കുകയായിരുന്നു.

Previous ArticleNext Article