Kerala, News

കോഴിക്കോട് ട്രെയിനിലെ തീവെപ്പ്;പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന

കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, രേഖാചിത്രത്തിലെ ആളുടെ രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് വിവരങ്ങളും ശേഖരിക്കുന്നുണ്ട്.നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പൊലീസ് ഇന്ന് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമായി സ്ഥല പേരുകൾ കുറിച്ചിരുന്നു. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം,കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Previous ArticleNext Article