തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു.സമ്പർക്ക വ്യാപനത്തിന്റെ തോത് 65 ശതമായി ഉയര്‍ന്നു. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാകുകയാണ്.201 പേര്‍ക്ക് ഇന്നലെ ജില്ലയില്‍ രോഗം പിടിപെട്ടതില്‍ 181 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന കണക്കാണ് സംസ്ഥാനത്തെ സമ്പർക്കരോഗികളുടെ എണ്ണം.ജൂലൈ ആദ്യവാരങ്ങളില്‍ സമ്പർക്ക രോഗവ്യാപനത്തിന്റെ തോത് 9 ശതമാനം മാത്രമായിരുന്നു. ജൂലൈ 5ന് ഇത് 17 ശതമാനമായി ഉയര്‍ന്നു. ജൂലൈ 10ന് 49 ശതമാനവും ജൂലൈ 14ഓടെ ഇത് 65 ശതമാനമായും വര്‍ദ്ധിച്ചു. എല്ലാ ജില്ലകളിലും പ്രാദേശിക സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നുണ്ട്. കൊറോണയുടെ മൂന്നാംഘട്ടം പിന്നിടുമ്പോൾ അടുത്ത ഘട്ടം സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാളിയ നിലയിലാണ്. ജില്ലയില്‍ 794 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. തീരദേശമേഖലകളില്‍ രോഗം പടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.പൂന്തുറയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയില്‍ 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിഴിഞ്ഞം, പുല്ലുവിള, പൂവാര്‍, പൂവച്ചല്‍, പാറശ്ശാല എന്നിവടങ്ങളിലേക്കും രോഗം വ്യാപിക്കുകയാണ്. സംസ്ഥാനമാകെയുള്ള തീവ്രബാധിത മേഖലകളുടെ എണ്ണം 35 ആയി. ഈ വര്‍ഷം അവസാനത്തോടെയല്ലാതെ രോഗവ്യാപനം കുറയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.