India, Kerala, News

കോവിഡ് 19; കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിരീക്ഷണത്തില്‍

keralanews kovid 19 union minister v muralidharan under observation

തിരുവനന്തപുരം:കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍.വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡോക്റ്റർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക.നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ച സമയത്തായിരുന്നു ഡോക്ടര്‍ സ്‌പെയിനില്‍ പോയത്.അവിടെവച്ചാണ് അദ്ദേഹത്തിന് രോഗബാധയേറ്റത്. എന്നാല്‍ തിരിച്ചെത്തി ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുകയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ഡോക്ടറുടെ സ്രവങ്ങള്‍ പരിശോധിച്ച്‌ കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഭീതിയിലാണ്. ഈ ആശുപത്രിയിലെ ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിനിടെ ഡോക്ടര്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടി. ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article