കേളകം : കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ച് അവസാനത്തോടെ തുടങ്ങാൻ തീരുമാനം.ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിക്കും.തുടർന്ന് ട്രക്കിങ്ങിന്റെ ബെയ്സ് ക്യാമ്പായ സെയ്ൻറ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയസൗകര്യങ്ങളും ഒരുക്കും.സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. തുടർന്ന് മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. മറ്റടിസ്ഥാനസൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. ബെയ്സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക.ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു വഴി, ട്രക്കിങ് സാധ്യതയുള്ള സാഹസികപാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴി, ഐതിഹ്യപാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.കേളകം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കേളകം പഞ്ചായത്ത് വൈസ്പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, പഞ്ചായത്തംഗംങ്ങളായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, ബിജു ചാക്കോ, കൊട്ടിയൂർ പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ,കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.