തിരുവനന്തപുരം:കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ നിന്നും റെഡ് സോണിലേക്ക് മാറ്റി.കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോട്ടയം ജില്ലയിൽ 3 ദിവസം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,യാത്ര തുടങ്ങിയവ പൂർണമായി നിയന്ത്രിക്കും. ഹോട്സ്പോട്ടുകളിൽ ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തി.എറണാകുളം– കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്ത് നിന്നും എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.അതിർത്തികളിൽ ശക്തമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. വാഹനങ്ങൾ തടയാൻ ബാരിക്കേഡും നിരത്തി.കോട്ടയത്ത് മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ മുട്ടമ്പലം സ്വദേശി, കുഴിമറ്റം സ്വദേശി വീട്ടമ്മ, മണർകാട് സ്വദേശി ലോറി ഡ്രൈവർ, ചങ്ങനാശേരിയിലുള്ള തമിഴ്നാട് സ്വദേശി, മേലുകാവുമറ്റം സ്വദേശി ബാങ്ക് ഉദ്യോഗസ്ഥ,വടവാതൂർ സ്വദേശി ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം.ആരോഗ്യ പ്രവർത്തകനും ചുമട്ടു തൊഴിലാളിക്കും മാർക്കറ്റിൽ നേരത്തേ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.തമിഴ്നാട് സ്വദേശി തൂത്തുക്കുടിയിൽ പോയിരുന്നു.ബാങ്ക് ഉദ്യോഗസ്ഥ സേലത്തു നിന്നു മടങ്ങിയതാണ്. അതേ സമയം നേരത്തെ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കൾ, ഭാര്യാ സഹോദരൻ, 3 ചുമട്ടു തൊഴിലാളികൾ എന്നിവർക്കു രോഗ ബാധയില്ല.മണര്‍കാട് സ്വദേശി കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.ഇടുക്കിയിൽ തൊടുപുഴ തെക്കുംഭാഗത്ത് യുഎസിൽ നിന്നു മാർച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11 ന് വന്ന ദേവികുളം സ്വദേശി(38),ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെൺകുട്ടി (14),മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.