Kerala

കൂടത്തായി കൂട്ടക്കൊല; പ്രതികളെ 6 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

keralanews koodathyi murder accused in police custody for six days

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊല കേസ് പ്രതികളായ ജോളിയേയും മറ്റ്‌ രണ്ടുപേരേയും 6 ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയാണ്‌ കസ്‌റ്റഡിയില്‍ വിട്ടത്.താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.ഇവരെ ഇന്ന്‌ രാവിലെ കനത്ത സുരക്ഷയിലാണ്‌ കോടതിയില്‍ എത്തിച്ചത്‌.മാധ്യമങ്ങളോട്‌ ജോളി പ്രതികരിച്ചില്ല.കേസ് ഇനി പതിനാറാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.പോലീസിന്റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല.15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക.അതേസമയം ജോളിക്കായി അഭിഭാഷകന്‍ ബിഎ ആളൂര്‍ ഹാജരായേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജൂനിയറാണ് വക്കാലത്ത് ഒപ്പിടാന്‍ എത്തിയത്. മൂന്ന് പ്രതികളെയും ഇന്ന് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

Previous ArticleNext Article