കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണ് ഷാജുവിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത സമയത്ത് സിലിയുടെ ആഭരണങ്ങള്‍ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരായുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. സിലിയുടെ ഭര്‍ത്താവ് ഷാജു, സിലിയുടെ സഹോദരന് സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നിലെ കാരണം ഷാജുവിന് ജോളിയുമായി നേരത്തെയുള്ള ബന്ധമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് അതിനെ എതിര്‍ത്തതും ഇരുവര്‍ക്കുമെതിരായ തെളിവാകുമെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ സിജോ വഴങ്ങിയപ്പോള്‍ പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ഇരുവരും ചേര്‍ന്ന് സിജോയെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, സിലിയുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്ന സിജോ ഒന്നിനും തയ്യാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസ് ഉണ്ടാവുകയാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതിന്റെ കാരണം സിജോയാണെന്ന് സ്ഥാപിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്കി.