കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടില്‍ രാത്രി വൈകിയും തെളിവെടുപ്പ് നടത്തി.ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്.കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തിയത്.രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നൽകുയായിരുന്നു. സ്വയം ജീവനൊടുക്കാനായാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത്.അതേസമയം തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണിവരെ പോലീസ് ജോളിയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ എന്നിവരെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. പത്ത് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടുക്കിയിലെത്തി ജോളിയുടെ കുടുംബാംഗങ്ങളില്‍ നിന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാറില്‍ നിന്നു മൊഴിയെടുത്തിട്ടുണ്ട്. മറ്റന്നാള്‍ ജോളിയുടെ കസറ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.