Kerala, News

കൂടത്തായി കൊലപാതക പരമ്പര; ജോളിയെ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു;മൂന്നു പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

keralanews koodathayi murder jolly questioned in sp office and brought three accused for evidence collection today

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു.ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് കീടനാശിനിയാണ് ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്.

അതേസമയം ജോളി ഉൾപ്പെടെയുള്ള പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് പൊന്നാമാറ്റം വീട്ടിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജോളി മൊഴി നൽകിയിരുന്നു.ഇത് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്.ജോളി ജോലി ചെയ്തിരുന്നെന്ന് അവകാശപ്പെടുന്ന കോഴിക്കോട് എൻഐടി ക്യാമ്പസിനു സമീപത്തുള്ള ഫ്ലാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തും.കേസിൽ ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു,പ്രജുകുമാർ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുൻപോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം.

 

Previous ArticleNext Article