തിരുവനന്തപുരം: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളി ജോസഫ് അടക്കം കസ്റ്റഡിയിലുള്ള മൂന്നു പ്രതികളേയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തേക്കും. കൊലപാതക കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തി. മൂന്നു കൊലപാതകങ്ങള്‍ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് ബെഹ്റ സന്ദര്‍ശിച്ചു.ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുന്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമേ കൂടത്തായിയിലേക്കു പോകുകയുള്ളുവെന്നാണു നേരത്തെ ഡിജിപി അറിയിച്ചിരുന്നത്.ശാസ്ത്രീയമായ അന്വേഷണത്തിനാകും മുന്‍ഗണന നല്‍കുക. ശാസ്ത്രീയമായ എല്ലാ അന്വേഷണ മാര്‍ഗങ്ങളും ഇതില്‍ സ്വീകരിക്കും. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. വിശദമായ ഫോറന്‍സിക് പരിശോധനകള്‍ അടക്കം വേണ്ടി വരുമെന്നും ഡിജിപി പറഞ്ഞു. കേസില്‍ വിദഗ്ധ സഹായത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു. അതേസമയം മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍.ഐ.ടി പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്നമ്മയും ടോം തോമസും റോയി തോമസും മരിച്ച കൂടത്തായിലെ പൊന്നാമറ്റം വീടിലെത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്.