കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയുടെ ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.ഇവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.അന്വേഷണ സംഘം നേരത്തെയും ഷാജുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ ഭാര്യ സിലിയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുപേരോടും ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം മുതലുള്ള എല്ലാകാര്യവും ഷാജുവിന് അറിയാമെന്നാണ് ജോളി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. അതിനെക്കുറിച്ചും ഷാജുവിനോട് ഇന്ന് പൊലീസ് ചോദിക്കും. ഒരേ വിഷയത്തില്‍ ജോളിയും, ഷാജുവും, സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമാണ്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ സംശയമുന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ തോമസ് നാട്ടിലെത്തി.ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു.റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്. വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്.