കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുവാനായി അന്വേഷണ സംഘം ഇന്ന് പ്രതികളുമായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ നിര്‍ണായക തെളിവുകളായ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന കുപ്പി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് പോലീസ്.ഇതിനായി ജോളി അത് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം പൊലീസ് പരിശോധിക്കുകയാണ്.ഇതിനിടെ പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ് വിവരം. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ജോളിയുടെ മക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ ഇവര്‍ അന്വേഷണസംഘത്തിനു കൈമാറി.റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.