കണ്ണൂര്‍: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലയുറപ്പിച്ചത് ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജിഷ്ണു കേസില്‍ ഒരു വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് സംഭവിച്ചില്ല. ആത്മാര്‍ത്ഥമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശക്തിവേലിനെ പൊലീസ് പിടികൂടുകയും ചെയ്തു.എന്നാല്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. ഇതില്‍ സര്‍ക്കാറിന് എന്താണ് ചെയ്യാന്‍ കഴിയുക. കോടിയേരി പറഞ്ഞു.
ജിഷ്ണു കേസിലെ അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കുടുംബത്തിന് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് ആസ്ഥാനത്ത് സമരം സംഘടിപ്പിച്ചതിലൂടെ കേസിന്റെ സ്വഭാവം തന്നെ മാറുന്ന അവസ്ഥയാണുണ്ടായത്. പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമായിരുന്നു. അതീവ സുരക്ഷാമേഖലയാണ് പൊലീസ് ആസ്ഥാനം. ഇവിടെ നടക്കുന്ന സമരത്തെ സംബന്ധിച്ച് സര്‍ക്കാറിന് മുന്‍കൂറായി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം വിഷയം, നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റമുട്ടല്‍, യുഎപിഎ, വിവരാവകാശ നിയം എന്നു തുടങ്ങി സര്‍ക്കാറിനെതിരെ ഉയര്‍ന്ന വിവാദ വിമര്‍ശനങ്ങളില്‍ സിപിഐക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.